ബെയ്ജിംഗ്/ധരംശാല: അടുത്ത ലാമ തന്റെ മരണശേഷമായിരിക്കുമെന്നു പ്രഖ്യാപിച്ച് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. തെരഞ്ഞെടുപ്പിനും പ്രഖ്യാപനത്തിനുമുള്ള അധികാരം ഗാഡെൻ ഫൊദ്രാങ് ട്രസ്റ്റിനായിരിക്കുമെന്നും ദലൈ ലാമ അറിയിയിച്ചു. ദലൈ ലാമയുടെ ഓഫീസ് 2015ൽ സ്ഥാപിച്ചതാണ് ട്രസ്റ്റ്. ദലൈ ലാമയുടെ പുനർജന്മമായ പഞ്ചൻ ലാമയടക്കമുള്ള ബുദ്ധമത നേതാക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ചൈനീസ് സർക്കാരിനാണെന്നാണ് ചൈനയുടെ അവകാശവാദം.
എന്നാൽ ചൈനയ്ക്ക് ഇത്തരം അധികാരങ്ങളില്ലെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരന്പര്യങ്ങൾ അനുസരിച്ചാണ് പിൻഗാമിയെ തെരഞ്ഞെടുക്കുകയെന്നും ദലൈ ലാമ പറഞ്ഞു. ടിബറ്റൻ പാർലമെന്റ്, സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ, എൻജിഒകൾ, ഹിമാലയൻ മേഖലയിലെ പ്രദേശങ്ങൾ, ചൈന, മംഗോളിയ, ഏഷ്യയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുമുള്ള ബുദ്ധമതാനുയായികൾ ലാമപാരമ്പര്യം തുടരണമെന്ന് അഭ്യർഥിച്ചതിനെത്തുടർന്നാണ് എക്സിൽ ദലൈ ലാമ പ്രതികരിച്ചത്. അതേസമയം, ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം ജൂൺ 30ന് ധരംശാലയിൽ ആരംഭിച്ചു. ടിബറ്റൻ പാരന്പര്യം തുടരണോ വേണ്ടയോ എന്ന് തന്റെ 90-ാമത്തെ വയസിൽ തീരുമാനിക്കുമെന്ന് 2011ൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. ലാമ പാരമ്പര്യം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പിൻഗാമിയെ കണ്ടെത്താനുള്ള തെരച്ചിൽ പാരന്പര്യത്തിന് അനുസൃതമായി നടത്തണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതേസമയം, ദലൈ ലാമയെ രൂക്ഷമായി വിമർശിച്ചു ചൈന രംഗത്തെത്തി. അടുത്ത പിൻഗാമിയെ നിയമിക്കുന്നതിനെ സംബന്ധിച്ചുള്ള ദലൈ ലാമയുടെ വാക്കുകളാണ് ചൈനയെ ചൊടിപ്പിച്ചത്.